ബുർക്കിനാ ഫാസോയില്‍ വീണ്ടും ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി: 147 ക്രൈസ്തവർ പലായനം ചെയ്തു

ഔഗഡോഗോ: ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയില്‍ തീവ്ര ഇസ്ലാമികവാദികൾ ക്രൈസ്തവരെ വേട്ടയാടുന്നത് സംബന്ധിച്ച റിപ്പോർട്ടുമായി ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ്. നൈജറിന്റെ അതിർത്തിയിലുള്ള രണ്ട് ഗ്രാമങ്ങളിൽ നിന്ന് എട്ടു ഗർഭിണികളും, കുട്ടികളും ഉൾപ്പെടെ 147 ക്രൈസ്തവർ സാഹലിന്റെ തലസ്ഥാനമായ ഡോറിയിലേയ്ക്ക് ഇസ്ലാമിക തീവ്രവാദികളെ ഭയപ്പെട്ട് ഒക്ടോബർ അവസാനം പലായനം ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ക്രൈസ്തവർക്ക് അഭയം നൽകുന്ന ആളുകളെയും തീവ്രവാദികൾ ലക്ഷ്യം വയ്ക്കുന്നുണ്ട്. തങ്ങളുടെ ഉറ്റവരിൽ ചിലർ ഇപ്പോഴും ഗ്രാമങ്ങളിൽ ജീവിക്കുന്നുണ്ടെന്നും, അവരുടെ സ്ഥിതി എന്താകും എന്നോർത്ത് ആശങ്കയുണ്ടെന്നും പലായനം ചെയ്ത ക്രൈസ്തവരിൽ ഒരാൾ സംഘടനയോട് വെളിപ്പെടുത്തി. തീവ്രവാദികൾ ഗ്രാമങ്ങളിൽ പ്രവേശിച്ച് കന്നുകാലികളുടെ എണ്ണത്തിനനുസരിച്ച് കരം നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നും, ഇസ്ലാം മതസ്ഥരെ ഒഴിവാക്കി ക്രൈസ്തവരെ കൊലചെയ്യാൻ ആളുകളുടെ മതം ചോദിച്ചുവെന്നും പ്രദേശവാസികളെ ഉദ്ധരിച്ച് എയിഡ് ടു ദി ചർച്ച് ഇൻ നീഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യമെമ്പാടും അക്രമങ്ങളും, തട്ടിക്കൊണ്ടുപോകലുകളും, കൊലപാതകങ്ങളും നടക്കുന്നുണ്ടെന്ന് ഡോറിയിലെ മെത്രാനായ ലോറന്റ് ബിർഫുറേ ഡാബിറേ സംഘടനയോട് പറഞ്ഞു. തങ്ങൾക്ക് തോന്നുന്നതനുസരിച്ച് ആളുകളെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോവുകയാണ്. ഇതിൽ ചിലരെ അവർ വധിക്കുകയും, ചിലരെ വെറുതെ വിടുകയും ചെയ്യുന്നു. ഒക്ടോബർ 31നു ഡോറിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന വാഹനങ്ങൾ തീവ്രവാദികൾ തടഞ്ഞിട്ട കാര്യവും അദ്ദേഹം വിവരിച്ചു. രാജ്യത്തെ മെത്രാൻ സമിതി അധ്യക്ഷൻ കൂടിയായ ബിഷപ്പ് ലോറന്റ് ബിർഫുറേയുടെ രൂപതയിൽ 2018ൽ എന്നും 2019 ലേക്ക് എത്തിയപ്പോൾ 250% അക്രമ സംഭവങ്ങളാണ് വർധിച്ചത്. ഇപ്പോഴത്തെ വിഷമകരമായ അവസ്ഥയെ അതിജീവിക്കാൻ പ്രാർത്ഥനയ്ക്ക് മെത്രാൻ ആഹ്വാനം ചെയ്തു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വൈദികർക്കും, സന്യസ്തർക്കും, അൽമായർക്കും വേണ്ടി 28 പദ്ധതികള്‍ ഡോറി രൂപതയിൽ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് നടപ്പിലാക്കിയിരിന്നു. രാജ്യത്തു ഇതിന് മുന്‍പും നിരവധി തവണ ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്നു ക്രൈസ്തവര്‍ പലായനം ചെയ്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.