ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ കൊളംബിയന്‍ കന്യാസ്ത്രീയ്ക്കു 4 വര്‍ഷത്തിന് ശേഷം മോചനം

ബമാകോ: നാല് വർഷം മുന്‍പ് ആഫ്രിക്കന്‍ രാജ്യമായ മാലിയിൽ നിന്നു ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ കൊളംബിയൻ സ്വദേശിനിയായ കത്തോലിക്ക കന്യാസ്ത്രീ സിസ്റ്റര്‍ ഗ്ലോറിയ സിസിലിയ നാർവീസിനു ഒടുവില്‍ മോചനം. മാലിയുടെ തലസ്ഥാനമായ ബമാകോയിൽ നിന്ന് 400 കിലോമീറ്റർ കിഴക്കായി കൊട്ടിയാലയിൽ മിഷ്ണറിയായി ശുശ്രൂഷ ചെയ്യുന്നതിനിടെ 2017 ലാണ് സിസ്റ്റര്‍ ഗ്ലോറിയ ബന്ദിയാക്കപ്പെട്ടത്. സിസ്റ്റര്‍ മോചിപ്പിക്കപ്പെട്ട വിവരം മാലി പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പുറംലോകം അറിഞ്ഞത്. സിസ്റ്ററുടെ മോചനത്തിനായി മോചനദ്രവ്യം നൽകിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.

ബമാക്കോ ആർച്ച് ബിഷപ്പ് ജീൻ സെർബോ, സന്യാസിനിയുടെ മോചനം സ്ഥിരീകരിച്ചിട്ടുണ്ട്. സിസ്റ്ററുടെ മോചനത്തിനായി തങ്ങൾ ഒരുപാട് പ്രാർത്ഥിച്ചിരിന്നുവെന്നും മോചനം സാധ്യമാക്കിയ മാലി അധികാരികൾക്കും മറ്റ് എല്ലാവര്ക്കും നന്ദി അര്‍പ്പിക്കുന്നുവെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. സിസ്റ്റര്‍ ഗ്ലോറിയയുടെ മോചനത്തില്‍ സഹോദരൻ എഡ്ഗാർ നർവീസ് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ എഎഫ്‌പിയോട് അതീവ ആഹ്ലാദം പ്രകടിപ്പിച്ചു. ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നുവെന്നും തനിക്ക് ചിത്രങ്ങൾ അയച്ചു തന്നുവെന്നും സഹോദരി ആരോഗ്യവതിയാണെന്നും അദ്ദേഹം പറഞ്ഞു.