ഇന്ന് ഓശാന ഞായര്‍: ആഗോള ക്രൈസ്തവ ലോകം വിശുദ്ധവാരത്തിലേക്ക് പ്രവേശിച്ചു

കോട്ടപ്പുറം:എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ്‌ ചില്ലകള്‍ കൈയികളിലേന്തി ജനം വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കി ആഗോള ക്രൈസ്തവ ലോകം ഇന്ന് ഓശാന തിരുനാള്‍ ആഘോഷിക്കുന്നു. മലയാളത്തിൽ ഓശാന എന്നും ഹോസാന എന്നുമൊക്കെ ഉച്ചാരണഭേദങ്ങൾ ഉണ്ടെങ്കിലും രണ്ടും ഒരേ വാക്കിൽ നിന്നു ഉത്ഭവിച്ചതും ഒരേ അർത്ഥം ഉൾക്കൊള്ളുന്നതുമാണ്. 

ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ കുരുത്തോല വെഞ്ചിരിപ്പും പ്രദിക്ഷണവും വിശുദ്ധ കുര്‍ബാനയും നടക്കും. കോവിഡ് മഹാമാരിയുടെ വരവിന് ശേഷം ഇതാദ്യമായി ജനക്കൂട്ട നിയന്ത്രണമില്ലാതെ ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ വിശ്വാസികള്‍ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. വത്തിക്കാന്‍ സമയം രാവിലെ 10 മണിക്ക് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 01.30) ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മികത്വം വഹിക്കുന്ന ഓശാന ശുശ്രൂഷകള്‍ക്ക് ആരംഭമാകും. കോട്ടപ്പുറം  സെന്‍റ്  മൈക്കിൾ  കത്തീഡ്രല്‍  നടന്ന ഓശാന ശുശ്രൂഷകള്‍ക്ക് ബിഷപ്പ് ജോസഫ് കാരിക്കശ്ശേരി  മുഖ്യകാര്‍മ്മികത്വം വഹിക്കുന്നു. ഓശാന ഞായര്‍ ആചരണത്തോടെ ക്രൈസ്തവ വിശ്വാസികള്‍ വിശുദ്ധ വാരത്തിലേക്ക് പ്രവേശിച്ചു.