ബിഷപ്പ് ഡോ.അലക്സ് വടക്കുംതല കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ

കോട്ടപ്പുറം : കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയെ കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. കോട്ടപ്പുറം രൂപതയുടെ ദ്വിതീയ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരിയുടെ രാജി ഫ്രാൻസിസ് പാപ്പ സ്വീകരിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച പ്രഖ്യാപനം വത്തിക്കാനിലും കോട്ടപ്പുറം ബിഷപ്സ് ഹൗസിലും നടന്നു. കോട്ടപ്പുറം രൂപതക്ക് പുതിയ ബിഷപ്പ് നിയമിതനാകുന്നതുവരെ കണ്ണൂർ രൂപതയുടെ ചുമതലയോടൊപ്പം കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററായും ബിഷപ്പ് ഡോ. അലക്സ് പ്രവർത്തിക്കും.

വരാപ്പുഴ അതിരൂപത വികാര്‍ ജനറൽ , ന്യൂഡൽഹിയിൽ സിബിസിഐ ഹെൽത്ത് കമ്മീഷൻ സെക്രട്ടറി, ജാർഖണ്ഡിലെ റാഞ്ചിയിൽ സിബിസിഐ യുടെ കോൺസ്റ്റന്റ് ലിവെൻസ് മെഡിക്കൽ കോളജിന്റെ സ്ഥാപക പ്രോജക്ട് ഡയറക്ടർ,ഭാരതത്തിലെ കാനൻ ലോ സൊസൈറ്റിയുടെ പ്രസിഡന്റ് , വരാപ്പുഴ അതിരൂപത വൈസ് ചാൻസലർ , കൊച്ചിൻ ആർട്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് (സിഎസി) ഡയറക്ടർ, ആലുവ കാർമൽഗിരി സെമിനാരി പ്രൊഫസർ , ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ, കേരള ലാറ്റിൽ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതി ഉപദേഷ്ടാവ് , എന്നീ നിലകളിൽ ബിഷപ്പ് ഡോ. അലക്സ് പ്രവർത്തിച്ചിട്ടുണ്ട്.വത്തിക്കാനിൽ പൊന്തിഫിക്കൽ കൗൺസിൽ ഫോർ പാസ്റ്ററൽ ഹെൽത്തിലും സേവനം ചെയ്തിട്ടുണ്ട്. കണ്ണൂർ രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി 2014 ഫെബ്രുവരി ഒന്നിനാണ് ഫ്രാൻസിസ് പാപ്പ അദ്ദേഹത്തെ നിയമിച്ചത്. മെത്രാനായി 2014 മാർച്ച് 23 ന് അഭിഷിക്തനായി. ഇപ്പോൾ സിബിസിഐ ലേബർ കമ്മീഷൻ ചെയർമാനും കെആർഎൽസിബിസി യുടെ ഹെറിറ്റേജ് കമ്മീഷൻ ചെയർമാനുമാണ്. എറണാകുളം ജില്ലയിൽ പനങ്ങാട് 1959 ജൂൺ 14 നായിരുന്നു ബിഷപ്പ് ഡോ.അലക്സിന്റെ ജനനം. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കേളന്തറയിൽ നിന്ന് 1984 ഡിസംബർ 19 ന് പൗരോഹിത്യം സ്വീകരിച്ചു. കാനൻ നിയമത്തിൽ റോമിലെ ഉർബാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും ഇംഗ്ലീഷ് സാഹിത്യത്തിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

കോട്ടപ്പുറം രൂപത 1987 ൽ സ്ഥാപിതമായശേഷം രണ്ടാമത്തെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററാണ് ബിഷപ്പ് ഡോ. അലക്സ് വടക്കുംതല . പ്രഥമ ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ വരാപ്പുഴ ആർച്ച്ബിഷപ്പായി സ്ഥാനമേറ്റെടുത്തപ്പോൾ അദ്ദേഹത്തെ തന്നെ കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി വത്തിക്കാൻ നിയമിച്ചിരുന്നു. പന്ത്രണ്ട് വർഷത്തെ കോട്ടപ്പുറം രൂപതയിലെ ശ്രേഷ്ഠ ഇടയശുശൂഷക്ക് ശേഷം വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരി വരാപ്പുഴ അതിരൂപത വികാരി ജനറലായി സേവനം ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് 2006 നവംബർ 25 ന് ബുക്സെന്റുമിന്റെ സ്ഥാനികമെത്രാനും വരാപ്പുഴ അതിരൂപത സഹായ മെത്രാനുമായി നിയമിതനായത്. വല്ലാർപാടം ബസിലിക്കയിൽ നടന്ന ചടങ്ങിൽ 2006 ഡിസംബർ 28 ന് ആർച്ച്ബിഷപ്പ് ഡോ. ഡാനിയൽ അച്ചാരുപറമ്പിൽ മോൺ. ജോസഫ് കാരിക്കശേരിയെ മെത്രാനായി വാഴിച്ചു. ആർച്ച്ബിഷപ്പ് ഡോ. ഡാനിയലിന്റെ ദേഹവിയോഗത്തെ തുടർന്ന് 2009 ഒക്ടോബർ 26 ന് ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരി വരാപ്പുഴ അതിരൂപതയുടെ അഡ്മിനിസ്ട്രേറ്ററായി.

കോട്ടപ്പുറo രൂപതയുടെ ദ്വിതീയമെത്രാനായി 2010 ഡിസംബർ 18 ന് നിയമിതനായി. 2011 ഫെബ്രുവരി 13 ന് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ നടന്ന തിരുകർമ്മ മദ്ധ്യേ കോട്ടപ്പുറം മെത്രാനായി ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരി സ്ഥാനാരോഹണം ചെയ്തു. വരാപ്പുഴ അതിരൂപതയിലെ സന്യസ്തർക്കുള്ള എപ്പിസ്കോപ്പൽ വികാരി , കളമശേരി ഹോളി ഏയ്ഞ്ചൽസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, കളമശേരി സെന്റ് ജോസഫ് മൈനർ സെമിനാരി റെക്ടർ , ആന്മീയ പിതാവ്, അതിരൂപത ഉപദേശക സമിതി അംഗം, വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ ആത്മീയോപദേഷ്ടാവ് എന്നീ നിലകളിലും എളംകുളം ഫാത്തിമ നാഥ, പെരുമാനൂർ സെന്റ് ജോർജ് , പാലാരിവട്ടം ജോൺ ദ ബാപ്റ്റിസ്റ്റ്, ചാത്യാത്ത് മൗണ്ട് കാർമൽ , ചേരാനെല്ലൂർ നിത്യസഹായ മാതാ, കുറ്റിക്കാട്ടുകര സെന്റ് തോമസ് പള്ളികളിൽ വികാരിയായും പള്ളിപ്പുറം മഞ്ഞു മാത, കോട്ടപ്പുറം സെന്റ് മൈക്കിൾസ് പള്ളികളിൽ സഹ വികാരിയായും സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ശേഷമാണ് ബിഷപ്പ് ഡോ. കാരിക്കശ്ശേരി ബിഷപ്പായി നിയമിതനായത്. പന്ത്രണ്ട് വർഷത്തോളം നീണ്ട കോട്ടപ്പുറം രൂപതയിലെ വലിയ ഇടയനെന്ന ദൗത്യത്തിനിടയിൽ രൂപതയുടെ ആന്മീയ- ഭൗതീക വളർച്ചക്ക് ശക്തമായ നേതൃത്വമാണ് ജോസഫ് കാരിക്കശേരി പിതാവ് നല്ലിയത്.