ഒരിക്കൽ പരിചയപ്പെട്ടാൽ ഓർമ്മയിൽ നിന്ന് ഒരിക്കലും മാഞ്ഞു പോകാത്ത ചുരുക്കം ചില മുഖങ്ങളുണ്ട്. അങ്ങനെയൊരു മുഖമാണ് കോട്ടപ്പുറം രൂപതയുടെ ദ്വിതീയ മെത്രാൻ ജോസഫ് കാരിക്കശേരി പിതാവിന്റേത്. ഫ്രാൻസിസ് പാപ്പ തന്റെ രാജി സ്വീകരിച്ചതിനെ തുടർന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ. അലക്സ് വടക്കും തലക്ക് ചുമതല കൈമാറി നിറഞ്ഞ സംതൃപ്തിയോടെ പിതാവ് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. സൗമ്യമായ ഇടപെടലുകളും വിനയാന്വിതമായ പെരുമാറ്റവും വാത്സല്യം നിറഞ്ഞ വാക്കുകളും ലളിതമായ ജീവിത ശൈലിയും നിഷ്കളങ്കത നിഴലിക്കുന്ന പുഞ്ചിരിയും വ്യക്തി ബന്ധങ്ങളിൽ നിറയുന്ന ഊഷ്മളതയും എല്ലാവരേയും ഉൾക്കൊള്ളാൻ കഴിയുന്ന ഹൃദയ വിശാലതയും ആഴമേറിയ ആന്മീയതയും ആരോടും അനായാസം ഇടപഴകാൻ കഴിയുന്ന വ്യക്തി പ്രാഭവവുമെല്ലാം ആദ്യ കൂടികാഴ്ചയിൽ തന്നെ ആരെയും കാരിക്കശ്ശേരി പിതാവിലേക്ക് ആകർഷിക്കും. മദ്യം, ലഹരി തുടങ്ങിയ സാമൂഹ്യ തിന്മകൾക്കെതിരെ പ്രവാചക ധീരതയോടെ ശബ്ദമുയർത്തിയും പ്ലാസ്റ്റിക്കിനും ഫ്ലെക്സിനുമെതിരെ നിരന്തരം ബോധവൽക്കരണം നടത്തിയും കൂടുതൽ മക്കളുള്ള കുടുംബങ്ങൾ അനുഗ്രഹീതമെന്ന് നിരന്തരം ഓർമ്മപ്പെടുത്തിയും പാവപ്പെട്ടവരോട് പക്ഷം ചേർന്നും അവർക്കു വേണ്ടി ശബ്ദിച്ചും ഈ ഇടയശ്രേഷ്ഠൻ ജനഹൃദയങ്ങളിൽ ഇടം നേടി.
വരാപ്പുഴ അതിരൂപത സഹായ മെത്രാനായിരിക്കെ മൂലമ്പിള്ളി കുടിയിറക്ക് പ്രശ്നത്തിൽ കുടിയിറക്കപ്പെട്ടവരോടൊപ്പം മറൈൻ ഡ്രൈവിൽ നിരാഹാരമിരുന്ന് ജനങ്ങളുടെ വേദനകളിൽ കൂടെ നിൽക്കുന്ന ഇടയനായി . മനുഷ്യനെയും പ്രകൃതിയെയും ജീവജാലങ്ങളെയും കൃഷിയെയും ചെടികളെയും പൂക്കളെയും സ്നേഹിച്ചും പരിപാലിച്ചും പിതാവ് അസീസിയിലെ വി. ഫ്രാൻസിസിന്റെ ചൈതന്യം പരത്തി. മൂന്ന് പതിറ്റാണ്ടു നീണ്ട ഇടവക അജപാലന പശ്ചാത്തലത്തിൽ നിന്ന് പൗരോഹിത്യ പൂർണ്ണതയിലേക്ക് ഉയർത്തപ്പെട്ടതു കൊണ്ടാകണം എന്നും അജഗണങ്ങളുടെ മദ്ധേ അവരിലൊരാളായി നിൽക്കുന്നതിലാണ് പിതാവ് ഏറ്റവും അധികം സന്തോഷിച്ചത്. ആഘോഷങ്ങളിൽ നിന്നും ആരവങ്ങളിൽ നിന്നും സ്വീകരണങ്ങളിൽ നിന്നും അകലം പാലിച്ച് കൊട്ടിഘോഷങ്ങളും അലയടികളുമില്ലാതെ സ്വച്ഛമായി ശാന്തസുന്ദരമായ അരുവിയായി ഒഴുകാനാണ് പിതാവ് എന്നും ആഗ്രഹിച്ചത്. സ്നേഹവും കരുണയുമാണ് ജീവിതത്തിന്റെ മുഖമുദ്രകളായി പിതാവ് എപ്പോഴും കാത്തുസൂക്ഷിക്കുന്നത്.
വരാപ്പുഴ അതിരൂപതയിലെ കർത്തേടം സെന്റ് ജോർജ് ഇടവകയിൽ പരേതരായ കാരിക്കശേരി ഫ്രാൻസിസ് - ആഗ്നസ് ദമ്പതികളുടെ മകനായി 1946 ഫെബ്രുവരി 13 ന് ജോസഫ് കാരിക്കശേരി പിതാവ് ജനിച്ചു. പരേതനായ റോക്കി , ഫിലോമിന എന്നിവരാണ് സഹോദരങ്ങൾ .സെന്റ് ജോസഫ് എൽപി സ്കൂൾ പനക്കപ്പാടം, സാന്താ ക്രൂസ് സ്കൂൾ ഓച്ചന്തുരുത്ത്, ഗവൺമെന്റ് ഹൈസ്കൂൾ എളങ്കുന്നപ്പുഴ സെന്റ് ആൽബർട്ട്സ് ഹൈസ്കൂൾ എറണാകുളം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം . മാതാപിതാക്കളുടെ മാതൃകാപരമായ വിശ്വാസ ജീവിതവും വികാരിയായിരുന്ന ഫാ.പോൾ ലൂയിസിന്റെ വാത്സല്യപൂർണ്ണമായ ഇടപെടലുകളും എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്ന ജോസഫെന്ന വിദ്യാർത്ഥിയെ വൈദീക ജീവിതത്തിലേക്ക് വഴി നടത്തി.എറണാകുളം സെന്റ് ജോസഫ് പെറ്റിറ്റ് സെമിനാരി, കളമശേരി സെന്റ് ജോസഫ് മൈനർ സെമിനാരി, ആലുവ കാർമ്മൽഗിരി - മംഗലപ്പുഴ സെമിനാരികളിലായി വൈദീക പരിശീലനം പൂർത്തിയാക്കി.ഇക്കാ ലയളവിൽ അദ്ധ്യാപകർക്കും സതീർത്ഥ്യർക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു ബ്രദർ ജോസഫ് കാരിക്കശ്ശേരി.
വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കേളന്തറയിൽ നിന്ന് 1973 ഡിസംബർ 19 ന് പൗരോഹിത്യം സ്വീകരിച്ചു. ഇടവകകളിലും സ്ഥാപനങ്ങളിലും ഒരുപോലെ തിളങ്ങിയ ഫാ ജോസഫ് കാരിക്കശേരി പല സുപ്രധാന ചുമതലകൾക്കും അധികാരികളാൽ നിയോഗിക്കപ്പെട്ടു . അങ്ങനെ വരാപ്പുഴ അതിരൂപതയിലെ സന്യസ്തർക്കുള്ള എപ്പിസ്കോപ്പൽ വികാരി , കളമശേരി ഹോളി ഏയ്ഞ്ചൽസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, കളമശേരി സെന്റ് ജോസഫ് മൈനർ സെമിനാരി റെക്ടർ , ആന്മീയ പിതാവ്, അതിരൂപത ഉപദേശക സമിതി അംഗം, വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ ആത്മീയോപദേഷ്ടാവ് എന്നീ നിലകളിലും എളംകുളം ഫാത്തിമ നാഥ, പെരുമാനൂർ സെന്റ് ജോർജ് , പാലാരിവട്ടം ജോൺ ദ ബാപ്റ്റിസ്റ്റ്, ചാത്യാത്ത് മൗണ്ട് കാർമൽ , ചേരാനെല്ലൂർ നിത്യസഹായ മാതാ, കുറ്റിക്കാട്ടുകര സെന്റ് തോമസ് പള്ളികളിൽ വികാരിയായും പള്ളിപ്പുറം മഞ്ഞു മാത, കോട്ടപ്പുറം സെന്റ് മൈക്കിൾസ് പള്ളികളിൽ സഹ വികാരിയായും സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു. ഇടവകകളിൽ ജനഹൃദയങ്ങളെ തൊട്ടറിഞ്ഞ അജപാലകനായി അദ്ദേഹം പ്രശോഭിച്ചു. വൈദീകരുടെ മദ്ധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ വിശുദ്ധിയും ഏലിയായുടെ തീക്ഷ്ണതയും കൈമുതലാക്കിയ അജപാലകനായിരുന്നു ഫാ.ജോസഫ് കാരിക്കശേരി . ചില പ്രത്യേക സാഹചര്യങ്ങളിൽ ഇടവകകളിലേക്കും സ്ഥാപനങ്ങളിലേക്കും സമാധാന ദൂതനായും അദ്ദേഹം അയക്കപ്പെട്ടു.
ദൈപരിപാലനയുടെ തണലിൽ ജീവിച്ച അദ്ദേഹത്തിന് ഏല്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങൾ നൂറു ശതമാനം വിശ്വസ്തതയോടെ പൂർത്തിയാക്കാനും സാധിച്ചു. ഫാ.ജോസഫ് കാരിക്കശ്ശേരിയുടെ വിശുദ്ധിയും കർമ്മശേഷിയും കാര്യക്ഷമതയും കണ്ടറിഞ്ഞ ആർച്ച്ബിഷപ്പ് ഡോ. ഡാനിയൽ അച്ചാരുപറമ്പിൽ അദ്ദേഹത്തെ വരാപ്പുഴ അതിരൂപതയുടെ വികാരി ജനറലായി ഉയർത്തി. വരാപ്പുഴ അതിരൂപത വികാരി ജനറലായി സേവനം ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് 2006 നവംബർ 25 ന് ബുക്സെന്റുമിന്റെ സ്ഥാനികമെത്രാനും വരാപ്പുഴ അതിരൂപത സഹായ മെത്രാനുമായി അദ്ദേഹത്തിന് നിയമനം ലഭിക്കുന്നത്. 2006 ഡിസംബർ 28 ന് വല്ലാർപാടം ബസിലിക്കയിൽ നടന്ന ചടങ്ങിൽ ആർച്ച്ബിഷപ്പ് ഡോ. ഡാനിയൽ അച്ചാരുപറമ്പിൽ മോൺ. ജോസഫ് കാരിക്കശേരിയെ മെത്രാനായി വാഴിച്ചു. ആർച്ച്ബിഷപ്പ് ഡോ. ഡാനിയലിന്റെ ദേഹവിയോഗത്തെ തുടർന്ന് 2009 ഒക്ടോബർ 26 ന് ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരി വരാപ്പുഴ അതിരൂപതയുടെ അഡ്മിനിസ്ട്രേറ്ററായി.
താൻ പൗരോഹിത്യ ശുശൂഷയുടെ ബാലപാഠ ങ്ങൾ ആഭ്യസിച്ച , ഭാരതത്തിൽ വിശ്വാസത്തിന്റെ ആദ്യ തിരിതെളിഞ്ഞ കൊടുങ്ങല്ലൂരിന്റെ മണ്ണിൽ സ്ഥാപിതമായ, കോട്ടപ്പുറo രൂപതയുടെ ദ്വിതീയമെത്രാനായി 2010 ഡിസംബർ 18 ന് നിയമിതനായി. 2011 ഫെബ്രുവരി 13 ന് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ നടന്ന തിരുകർമ്മ മദ്ധ്യേ കോട്ടപ്പുറം മെത്രാനായി ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരി സ്ഥാനാരോഹണം ചെയ്തു. ചുമതലയേറ്റതിനു ശേഷം വളരെ വേഗത്തിൽ രൂപതയിലെ എല്ലാ ഇടവകകളിലും കാരിക്കശേരി പിതാവ് ഇടയ സന്ദർശനം നടത്തി. ഞായറാഴ്ചകളിൽ രൂപതയിലെ എല്ലാ ഇടവകകളിലുമെത്തി യുവജനങ്ങളെ നേരിൽ കണ്ട് അവരുമായി സംവദിക്കുകയും ആശയങ്ങൾ കൈമാറുകയും ചെയ്തു. രൂപതയിലെ എല്ലാ കുടുംബ യൂണിറ്റുകളും സന്ദർശിക്കാനുംബിഷപ്പ് ഡോ. കാരിക്കശേരി സമയം കണ്ടെത്തി. 2004 ൽ നടന്ന കോട്ടപ്പുറം രൂപത സിനഡിനുശേഷം സിനഡിന്റെ ശുപാർശകളും നവീകരണങ്ങളും ഉൾക്കൊണ്ട് സിനഡ് ഫോളോഅപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പല സമയങ്ങളിലായി പുറത്തിറക്കിയ എല്ലാ നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഉൾപ്പെടുത്തി 2012 ഒക്ടോബർ ഏഴിന് 'കോട്ടപ്പുറം രൂപത നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും' പ്രസിദ്ധീകരിക്കുന്നതിന് പിതാവ് നേതൃത്വം നല്കി. അല്മായ പ്രസ്ഥാനങ്ങൾക്ക് പിതാവ് വലിയ പ്രോത്സാഹനമാണ് നല്കിയത്. ഇടക സന്ദർശനങ്ങൾ പിതാവ് ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരങ്ങളാക്കി മാറ്റി. അജപാലനപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് രൂപതയിൽ നിലവിലുണ്ടായിരുന്ന മൂന്ന് ഫൊറോനകൾ പുനർ ക്രമീകരിച്ച് 2016 നവംബർ 19 ന് തൃശൂരും,ഗോതുരുത്തുo കേന്ദ്രീകരിച്ച് രണ്ടു പുതിയ ഫൊറോനകൾ കൂടി സ്ഥാപിച്ചു. ദേശീയ തലത്തിൽ ശ്രദ്ധ നേടിയ രൂപത സാമൂഹ്യ സേവന വിഭാഗം (കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് സൊസൈറ്റി) കിഡ്സിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിലും ശ്രദ്ധ പതിപ്പിച്ചു. 2018 ലെ പ്രളയകാലത്ത് ജാതി മത ഭേദമന്യേ എല്ലാവരെയും സഹായിക്കാൻ മുന്നിട്ടിറങ്ങുകയും പ്രളയത്തിൽ തകർന്ന നിരവധി ഭവനങ്ങൾ നിർമ്മിച്ചു നല്കുകയും ചെയ്തു രൂപതയുടെ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സ്രോതസ് കണ്ടെത്തുനതിന് ആരോഗ്യം വകവയ്ക്കാതെ പിതാവ് നിരന്തരം വിദേശ യാത്രകൾ നടത്തി പണം കണ്ടെത്തി. രൂപതയിൽ നിന്ന് ഉന്നത വിദ്യാഭ്യാസത്തിനായി പ്രവേശനം ലഭിച്ചവരുടെ തുടർപഠനത്തിനായി പണം സമാഹരിക്കാനും സ്കോളർഷിപ്പ് സ്ഥാപിക്കാനും മുന്നിട്ടിറങ്ങി. രൂപതയുടെ പാസ്റ്ററൽ സെന്ററായ വികാസ് - ആർബർടൈൻ ആനിമേഷൻ സെന്ററിൽ കൂടുതൽ സൗകര്യങ്ങൾക്കായി പുതിയ ചാപ്പലും മൾട്ടി പർപ്പസ് ഹാളും നിർമ്മിച്ചു. സ്ഥിര വരുമാനത്തിനായി മെത്രാസന മന്ദിരത്തിനു സമീപം ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കലി ന്റെ കാലത്ത് നിർമ്മാണം ആരംഭിച്ചിരുന്ന ഷോപ്പിംങ്ങ് കോംപ്ലക്സിന്റെ പണി പൂർത്തീകരിക്കുയും കോട്ട പ്പുറത്ത് പാസ്റ്ററൽ സെന്ററിനു സമീപo പുതിയ ഷോപ്പിങ്ങ് കോംപ്ലക്സ് പണിതുയർത്തുകയും ചെയ്തു. രൂപതയുടെ വികസന പ്രവർത്തനങ്ങൾ മുന്നിൽ കണ്ട് തൃശൂരിൽ മുളങ്കുന്നത്തുകാവിലും സമ്പാളൂരിലും കോട്ടപ്പുറത്തുമൊക്കെയായി രൂപതയ്ക്കായി സ്ഥലങ്ങൾ വാങ്ങി. മുളങ്കുന്നത്തുകാവിൽ ആധുനിക സൗകര്യങ്ങളോടെ മൂന്നു നിലകളിലായി സാൻജോസ് ഭവൻ ലേഡീസ് ഹോസ്റ്റൽ നിർമിച്ചു. സാൻജോസ് ഭവനു സമീപം ബഹുനില ഷോപ്പിംഗ് കോപ്ലക്സിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.രൂപതയുടെ വടക്കൻ മിഷൻ മേഖലയായ തൃശൂർ ഫൊറോനയിൽ പുതിയ കുടുംബ യൂണിറ്റുകൾ സ്ഥാപിക്കാനും പുതിയ പള്ളികൾ സ്ഥാപിക്കുന്നതിന് സ്ഥലങ്ങൾ കണ്ടെത്താനും വാങ്ങാനും വികാരിയച്ചൻമാർക്ക് പ്രോത്സാഹനം നല്കി. വടക്കൻ മിഷൻ മേഖലക്കും സന്യസ്തർക്കും വേണ്ടി എപ്പിസ്കോപ്പൽ വികാരിമാരെ നിയമിച്ചു. കെസിബിസി യുടെയും , കെആർഎൽസിബിസി യുടെയുമായി കരിസ്മാറ്റിക് , ടെമ്പറൻസ് , ഫാമിലി ,ബിസിസി ,വിമൻസ് കമീഷനുകൾക്കും ബിഷപ്പ് കാരിക്കശേരി ശക്തമായ നേത്യത്വം നല്കി. 2012 ൽ കോട്ടപ്പുറം രൂപതയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് ബിഷപ്പ് ഡോ. കാരിക്കശേരിയാണ് നേതൃത്വം നല്കിയത്. സമാപനാഘോഷങ്ങൾക്ക് മുഖ്യാതിഥിയായി ഭാരതത്തിലെ വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ്പ് ഡോ. സാൽവത്തോരെ പെനാക്കിയോയെ പങ്കെടുപ്പിച്ചതും കാരിക്കശേരി പിതാവിന്റെ പ്രത്യേക താല്പര്യപ്രകാരമായിരുന്നു. പന്ത്രണ്ട് വർഷത്തോളം നീണ്ട കോട്ടപ്പുറം രൂപതയിലെ വലിയഇടയനെന്ന ദൗത്യത്തിനിടയിൽ രൂപതയുടെ ആന്മീയ- ഭൗതീക വളർച്ചക്ക് ശക്തമായ നേതൃത്വമാണ് ജോസഫ് കാരിക്കശേരി പിതാവ് നല്ലിയത്.