ക്രിസ്തുമസ് സ്പെഷ്യലുമായി ചോസൺ ടീം; 'ദി മെസഞ്ചേഴ്സിന്റെ' ടിക്കറ്റ് വില്പന റെക്കോര്‍ഡ് വേഗത്തില്‍

വാഷിംഗ്ടണ്‍ ഡി‌.സി: യേശുക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി അമേരിക്കൻ സംവിധായകൻ ഡാളസ് ജംഗിൻസ് സംവിധാനം ചെയ്യുന്ന പരമ്പരയായ 'ദി ചോസൺ' ക്രിസ്തുമസ്സിനോടനുബന്ധിച്ച് പ്രത്യേക എപ്പിസോഡ് പ്രേക്ഷകരിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ടിക്കറ്റ് വിൽപ്പന റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. ലോകമെമ്പാടും കോടിക്കണക്കിന് കാഴ്ചക്കാരുള്ള പരമ്പരയാണ് ദി ചോസൺ. പരമ്പര മികച്ച പ്രതികരണങ്ങൾ ഏറ്റുവാങ്ങി മുന്നേറവേയാണ് 'ക്രിസ്തുമസ്സ് വിത്ത് ദി ചോസൺ: ദി മെസഞ്ചേഴ്സ്' എന്ന ക്രിസ്തുമസ് സ്പെഷ്യൽ എപ്പിസോഡ് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ ഒന്നാം തീയതി ആയിരിക്കും എപ്പിസോഡ് തിയേറ്ററുകളിലെത്തുന്നത്. എപ്പിസോഡിന് പിന്നാലെ പ്രമുഖ ക്രൈസ്തവ ഗായകരുടെ ഗാനാലാപനവും ഉണ്ടാകുമെന്ന് സംഘാടകർ വ്യക്തമാക്കി. ഫാത്തോം ഇവന്റസാണ് എപ്പിസോഡ് തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത്. തിരുപ്പിറവി സംഭവങ്ങളുമായി ബന്ധപ്പെട്ട് പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ യൗസേപ്പിതാവിന്റെയും കണ്ണുകളിലൂടെയുള്ള ദൃശ്യാവിഷ്കാരമായിരിക്കും എപ്പിസോഡിൽ ഒരുക്കുന്നത്. ഇതിന്റെ റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഡാളസ് ജംഗിൻസ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നടത്തിയത്.