വിവിധ സാമൂഹ്യ സേവന പദ്ധതികൾക്കായി പാപ്പ കൈമാറിയത് 82 കോടി രൂപയുടെ സഹായം

വത്തിക്കാന്‍ സിറ്റി: പേപ്പല്‍ ഫണ്ടിലേക്ക് ലഭിച്ച തുകയിൽനിന്ന് ഒരു കോടി യൂറോ വിവിധ സാമൂഹ്യസേവന പദ്ധതികൾക്കായി ഫ്രാൻസിസ് പാപ്പ നൽകി. പാപ്പയുടെ ശുശ്രൂഷാമേഖലയിലേക്കും, ലോകമെമ്പാടും പാപ്പ ചെയ്യുന്ന ജീവകാരുണ്യപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുമായുള്ള ഒബോലോ - പീറ്റേഴ്സ് പെൻസ് (പത്രോസിന്റെ നാണയം) എന്ന പേരിലുള്ള ഫണ്ടിലേക്കെത്തിയ തുകയിൽനിന്നാണ് 82 കോടി രൂപയോളം വരുന്ന തുക പാപ്പ വിവിധ പദ്ധതികൾക്കായി കഴിഞ്ഞ വര്‍ഷം നൽകിയത്. ഇതുമായി ബന്ധപ്പെട്ട കണക്കുകൾ ജൂൺ 16-നാണ് പ്രസിദ്ധീകരിച്ചത്. കണക്കുകൾ പ്രകാരം ഏതാണ്ട് 4.7 കോടി യൂറോയാണ് ഫണ്ടിലേക്ക് ലഭിച്ചത്. എന്നാൽ, ഫണ്ടുപയോഗിച്ചു നടത്തുന്ന ചിലവുകൾ 6.5 കോടിയായിരുന്നു. 1.8 കോടിയോളം വത്തിക്കാന്റെ ധനശേഖരത്തിൽ നിന്നാണ് കണ്ടെത്തിയത്. വടക്കേ അമേരിക്ക, ഇറ്റലി, ജർമ്മനി, കൊറിയ, ഫ്രാൻസ് എന്നിവയായിരുന്നു ധനസമാഹരണത്തിന്റെ പ്രധാന ദാതാക്കൾ.

കോവിഡ് മഹാമാരിയുണ്ടാക്കിയ സാഹചര്യങ്ങളെ തുടര്‍ന്നു പൊതുവിൽ, ഈ ഫണ്ടിൽ 23 ശതമാനം കുറവുണ്ടായിട്ടുണ്ട്. പാപ്പയുടെ അപ്പസ്തോലിക ദൗത്യ നിർവ്വഹണത്തിന്റെ ഭാഗമായി നടന്നുവരുന്ന പ്രവർത്തികളുടെ ആവശ്യങ്ങൾക്കായാണ് ഏതാണ്ട് 5.5 കോടി യൂറോ ചെലവായത്. അതേസമയം, മറ്റു സഹായ പദ്ധതികൾക്കായി ഏതാണ്ട് ഒരു കോടി യൂറോയോളമാണ് കഴിഞ്ഞ വര്‍ഷം മാത്രം പാപ്പ നൽകിയത്. ഈ തുക, 67 രാജ്യങ്ങളിലായി 157 വിവിധ പദ്ധതികൾക്കായാണ് ഉപയോഗിച്ചത്. ഇതിൽ 42 ശതമാനത്തോളം ആഫ്രിക്കൻ രാജ്യങ്ങളിലും, 24 ശതമാനത്തോളം അമേരിക്കൻ ഭൂഖണ്ഡത്തിലും, 8 ശതമാനത്തോളം ഏഷ്യയിലും, 1 ശതമാനത്തോളം യൂറോപ്പിലുമാണ് നൽകപ്പെട്ടത്.