മനുഷ്യക്കടത്തിനെതിരെ പോരാടുന്ന കത്തോലിക്ക സന്യാസിനികള്‍

റോം: ആധുനിക അടിമക്കച്ചവടമായ മനുഷ്യക്കടത്തിനെതിരെ ഒരു സംഘം കത്തോലിക്ക സന്യാസിനികള്‍ നടത്തുന്ന പോരാട്ടം ശ്രദ്ധേയമാകുന്നു. മനുഷ്യക്കടത്തിനിരയായി ഇറ്റലിയിലെത്തി ലൈംഗീക അടിമത്വത്തിന് വിധിക്കപ്പെട്ട 26 കാരിയായ ഒക്കേയ്ഡിയോണ്‍ എന്ന നൈജീരിയന്‍ യുവതിയുടെ വെളിപ്പെടുത്തലാണ് മനുഷ്യക്കടത്തിനും, ലൈംഗീക അടിമത്വത്തിനുമെതിരെ കത്തോലിക്ക സന്യാസിനികള്‍ നടത്തുന്ന പോരാട്ടത്തെ ഇപ്പോള്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്. ഒക്ടോബര്‍ 14ന് റോമില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ലൈംഗീക അടിമത്വത്തിന് ഇരയായ തന്നെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതും, ലൈംഗീക അടിമത്വത്തിനിരയാകുന്നവര്‍ക്ക് വേണ്ടി ഒരു സന്നദ്ധസംഘടന രൂപീകരിക്കുവാന്‍ തനിക്ക് ശക്തിനല്‍കിയതും കത്തോലിക്കാ കന്യാസ്ത്രീമാരാണെന്ന് പറഞ്ഞ ഒക്കേയ്ഡിയോണ്‍, സ്വാതന്ത്ര്യം തനിക്ക് മനസ്സിലാക്കിത്തരുന്നതില്‍ കന്യാസ്ത്രീകള്‍ വഹിച്ച പങ്കിനെ അഭിനന്ദിക്കാതിരിക്കുവാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

രണ്ടായിരത്തിലധികം പേരടങ്ങുന്ന കത്തോലിക്കാ സന്യസ്ഥരുടെ ഒരു ശ്രംഖലയാണ് ലൈംഗീക അടിമത്വത്തിനും, മനുഷ്യക്കടത്തിനുമെതിരെ പോരാടി ഇരകളെ യഥാര്‍ത്ഥ സ്വാതന്ത്രത്തിലേക്ക് നയിക്കുന്നത്. അല്‍ബേനിയായില്‍ മനുഷ്യക്കടത്തിനിരയായവര്‍ക്കിടയില്‍ സേവനം ചെയ്യുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്ലസ്ഡ് വിര്‍ജിന്‍ മേരി സമൂഹാംഗമായ സിസ്റ്റര്‍ ഇമേല്‍ഡ പൂലെ ഇതിനായി ജീവിതം സമര്‍പ്പിച്ച കന്യാസ്ത്രീകളില്‍ ഒരാളാണ്. ഇറ്റലിയിലെ അമേരിക്കന്‍, ഐറിഷ് എംബസ്സികളും, കത്തോലിക്കാ സഭയും സംയുക്തമായി നല്‍കുന്ന ‘2021 ഹ്യൂമന്‍ ട്രാഫിക്കിംഗ് ഇന്‍ പേഴ്സന്‍സ് ഹീറോ’ അവാര്‍ഡ് ഏറ്റുവാങ്ങുവാനായി സമീപകാലത്ത് സിസ്റ്റര്‍ ഇമേല്‍ഡ ഇറ്റലിയില്‍ എത്തിയിരുന്നു.