ജോ ബൈഡന്‍ - ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച 29ന്

വാഷിംഗ്ടണ്‍ ഡി‌സി: ആഗോള ഉച്ചകോടിക്കായി യൂറോപ്പിലെത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഒടുവില്‍ സ്ഥിരീകരണം. 29 നാണ് കൂടിക്കാഴ്ചയെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു. കോവിഡ്19, കാലാവസ്ഥാ വ്യതിയാനം, അശരണര്‍ക്കുള്ള പരിചരണം തുടങ്ങിയ വിഷയങ്ങളില്‍ ഇരുവരും ആശയവിനിമയം നടത്തുമെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ പാസ്‌കി പ്രസ്താവനയില്‍ പറഞ്ഞു. മാര്‍പ്പാപ്പയുമായുള്ളകൂടിക്കാഴ്ചയില്‍ യുഎസ് പ്രഥമവനിത ജില്‍ ബൈഡനും ഉണ്ടാകും.

ഇറ്റലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയിലും ജോ ബൈഡന്‍ പങ്കെടുക്കുന്നുണ്ട്. ജൂണ്‍ 15നു നടന്ന യുറോപ്യന്‍ യൂണിയന്‍ സമ്മേളനത്തിനോട് അനുബന്ധിച്ച് ബൈഡന്‍ പാപ്പയെ സന്ദര്‍ശിക്കുമെന്ന് ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അന്ന് സന്ദര്‍ശനം നടന്നിരിന്നില്ല. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു ശേഷം ജോ ബൈഡന്‍ വിജയിച്ചതിന് പിന്നാലെ പാപ്പയും ബൈഡനും തമ്മില്‍ ടെലിഫോണില്‍ സംസാരിച്ചിരിന്നു. ജോണ്‍ എഫ്. കെന്നഡിക്കു ശേഷം അമേരിക്കന്‍ പ്രസിഡന്റാകുന്ന കത്തോലിക്കനാണ് ബൈഡന്‍. ഗര്‍ഭഛിദ്ര അനുകൂല നിലപാടിന്റെ പേരില്‍ അമേരിക്കന്‍ മെത്രാന്മാരില്‍ നിന്നു കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുന്ന പ്രസിഡന്‍റാണ് ജോ ബൈഡന്‍.