മുനമ്പത്ത് നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം: മോണ്‍. റോക്കി റോബി കളത്തില്‍

കൊച്ചി: എറണാകുളം ജില്ലയില്‍  പള്ളിപ്പുറം പഞ്ചായത്തില്‍ മുനമ്പം - കടപ്പുറം മേഖലയില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍ വ്യക്തമാക്കി.

കെആര്‍എല്‍സിസി യുടെ ആഭിമുഖ്യത്തില്‍ കേരള ലാറ്റിന്‍ കാത്തലിക്അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കോട്ടപ്പുറം രൂപതയുടെ സഹകരണത്തോടെ ഭൂസംരക്ഷണസമിതി അംഗങ്ങളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് എറണാകുളം വഞ്ചി സ്ക്വയറില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുനമ്പംകാരുടേത് നീതിക്കു വേണ്ടിയുള്ള രോദനമാണ്. തങ്ങള്‍ വില കൊടുത്തു വാങ്ങിയ സ്ഥലം വഖഫ് ബോര്‍ഡിന്റേതാണെന്ന വാദം മൂലം നിരവധി ബുദ്ധിമുട്ടുകളാണ് അവര്‍ക്കു നേരിടേണ്ടി വന്നിരിക്കുന്നത്. 600 ല്‍പരം കുടുംബങ്ങള്‍ വസിക്കുന്നതുമായ ഭൂമി വഖഫ് ബോര്‍ഡ് ആസ്തി രേഖകളില്‍ ഉള്‍പ്പെടുത്തിയതിനാലും കേസുകള്‍ നടക്കുന്നതിനാലും ക്രയവിക്രയം നടത്താനോ പണയപ്പെടുത്തി ലോണ്‍ എടുക്കാനോ ഉടമസ്ഥര്‍ക്ക് കഴിയുന്നില്ല. വിവാഹം, കുട്ടികളുടെ പഠനം, ഭവന നിര്‍മ്മാണം തുടങ്ങി സ്ഥലവാസികളുടെ പല ആവശ്യങ്ങളും മുടങ്ങിക്കിടക്കുന്നു. വലിയ പലിശക്കാരെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. 
മോൺ. റോക്കി റോബി കൂട്ടിച്ചേർത്തു.

തെറ്റിദ്ധാരണ പരത്തി മതസ്പർദ്ദ വളർത്തുന്ന വരെ തിരിച്ചറിയണമെന്നും ശാശ്വത പരിഹാരമാകുന്നതുവരെ മുനമ്പം നിവാസികൾക്കൊപ്പം ഉണ്ടാകുമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ഷെറി ജെ തോമസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് ആമുഖ പ്രഭാഷണം നടത്തി. 
കൊച്ചി രൂപത അഡ്മിനിസ്ട്രേറ്റർ മോൺ ഷൈജു പര്യാത്തുശേരി,കെആർഎൽസിസി
ജനറൽ സെക്രട്ടറി ഫാ.തോമസ് തറയിൽ,അസോസിയേറ്റ് ജനറൽ സെക്രട്ടറി, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ ജേക്കബ് പാലക്കാപള്ളി ഫാ. ജിജു ജോർജ് അറക്കത്തറ, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻ്റ്  ജിജി ജോസഫ്, ധീവരസഭ സംസ്ഥാന  സെക്രട്ടറി കെ കെ തമ്പി, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, കെസിവൈഎം ലാറ്റിൻ  പ്രസിഡൻ്റ് കാസി പൂപ്പന, കെഎൽസിഎ കോട്ടപ്പുറം രൂപത പ്രസിഡന്റ് അനിൽ കുന്നത്തൂർ, എസ് എൻ ഡി പി വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, കേരള വേട്ടുവ സമാജം സംസ്ഥാന പ്രസിഡന്റ് കെ.എം വിശ്വനാഥൻ,കുടുംബി സേവാ സംഘം സംസ്ഥാന സെക്രട്ടറി ശ്യാംകുമാർ, 
ഭൂസംരക്ഷണ സമിതി കൺവീനർ സെബാസ്റ്റിൻ, വേളാങ്കണ്ണി ഇടവക വികാരി
ഫാ. ആൻ്റണി,പാരീഷ് കൗൺസിൽ സെക്രട്ടറി ജോസഫ് ബെന്നി, ജനപക്ഷം നേതാവ് ഷോൺ ജോർജ്, അഡ്വ അഞ്ചലി സൈറസ്, മേരി മെറ്റിൽഡ എന്നിവർ പ്രസംഗിച്ചു