കോട്ടപ്പുറം രൂപത സിനഡ് നടത്തി

കോട്ടപ്പുറം: റോമിൽ നടക്കാനിരിക്കുന്ന മെത്രാൻമാരുടെ 16 - മത് സാധാരണ സിനഡിന്റെ കോട്ടപ്പുറം രൂപതാതല സമാപനമായി കോട്ടപ്പുറം രൂപത സിനഡ് നടന്നു.വികാസ് ആൽബർട്ടെൻ അനിമേഷൻ സെന്ററിൽ നടന്ന രൂപത സിനഡ് കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം രൂപത വികാർ ജനറൽ മോൺ. ഡോ. ആന്റണി കുരിശിങ്കൽ അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപത ചാൻസിലർ റവ. ഡോ. ബെന്നി വാഴക്കൂട്ടത്തിൽ സിനഡ് പ്രാർത്ഥന നടത്തി. തുടർന്ന് രൂപതയിലെ സിനഡ് പ്രവർത്തനങ്ങൾ അവതരിപ്പിച്ച് ഗ്രൂപ്പ് ചർച്ച നടത്തുകയും ഗ്രൂപ്പ് ലീഡർമാർ ചർച്ചയിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങൾ പങ്കുവയ്ക്കുകയും അവ ക്രോഡീകരിക്കുകയും ചെയ്തു. കോട്ടപ്പുറം രൂപതാ സിനഡ് കോഡിനേറ്റർ മാരായ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി , റീന സൈമൺ എന്നിവർ പ്രസംഗിച്ചു . സിനഡ് സമ്മേളനത്തിന് മുന്നോടിയായി കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ നടന്ന ദിവ്യബലിക്ക് ബിഷപ്പ് റൈറ്റ് . റവ .ഡോ. ജോസഫ് കാരിക്കശ്ശേരി മുഖ്യ കാർമ്മീകത്വം വഹിച്ചു. രൂപത വികാർ ജനറൽ മോൺ. ഡോ.ആന്റണി കുരിശിങ്കൽ, ചാൻസിലർ റവ.ഡോ. ബെന്നി വഴക്കൂട്ടത്തിൽ രൂപതയിലെ തിരഞ്ഞെടുക്കപ്പെട്ട വൈദികർ, സന്യസ്തർ, രൂപത പ്രതിനിധികൾ എന്നിവർ ഈ ദിവ്യബലിയിൽ സംബന്ധിച്ചു. ബിഷപ്പ് ഡോ. കാരിക്കശ്ശേരി ബൈബിൾ പ്രതിഷ്ഠ നടത്തി. ദിവ്യബലിക്കു ശേഷം ബിഷപ്പ് ഡോ. കാരിക്കശ്ശേരിയുടെ നേതൃത്വത്തിൽ കോട്ടപ്പുറം രൂപതാതല സിനഡ് സമാപന ത്തിന്റെ സന്ദേശറാലി കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ നിന്നും വികാസിലേക്ക് ആരംഭിച്ചു. റോമിൽ നിന്നും നല്കപ്പെട്ട സിനഡിന്റെ എംപ്ലത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന സന്ദേശങ്ങൾ കൈമാറുന്ന ചിത്രങ്ങളുമായി പ്രതിനിധികൾ അണിനിരന്നു.. പേപ്പൽ പതാകകളും ബലൂണുകളും വർണ്ണ കുടകളും കൈകളിലേന്തിയ ജനസമൂഹം റാലി ആകർഷണീയമാക്കി കോട്ടപ്പുറം രൂപതയിലെ വിവിധ സന്യാസ സമൂഹത്തിലെ സുപ്പീരിയർമാരും രൂപത പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും കോട്ടപ്പുറം രൂപതാ സിനഡ് കോർ കമ്മിറ്റി അംഗങ്ങളും ഫാമിലി അപ്പോസ്തലേറ്റ് അംഗങ്ങളും, ബി സി സി എക്സിക്യൂട്ടീവ് അംഗങ്ങളും ഓരോ ഇടവകകളിലെ കേന്ദ്രസമിതി പ്രസിഡന്റുമാരും ഇടവക സിനഡ് കോ ഓഡിനേറ്റർമാരും സമ്മേളനത്തിൽ പങ്കെടുത്തു. 2021 ഒക്ടോബർ 10 ന് റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പ 2023- ൽ നടത്തപ്പെടാൻ .പോകുന്ന മെത്രാൻമാരുടെ സാധാരണ സിനഡിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. അതിന്റെ ഭാഗമായി 2021 ഒക്ടോബർ 17 ന് കോട്ടപ്പുറം രൂപയിലെ സിനഡിന്റെ പ്രവർത്തനങ്ങൾ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ ഉദ്ഘാടനം ചെയ്തിരുന്നു. തുടർന്ന് രൂപതയിലെ എല്ലാ വൈദികർക്കും അതോടൊപ്പം സന്യസ്തർക്കും ഇടവകകളിലെ കേന്ദ്രസമിതി ഭാരവാഹികൾക്കും ശുശ്രൂഷ സമിതി അംഗങ്ങൾക്കും സിനഡ് പരിശീലന ക്ലാസുകൾ നൽകി. സിനഡാത്മക സഭയ്ക്ക് കൂട്ടായ്മ, പങ്കാളിത്തം, പ്രേക്ഷിതത്വം എന്നീ വിഷയങ്ങളിൽ കുടുംബസിനഡും, യൂണിറ്റ് സിനഡും, ഇടവകസിനഡും കോട്ടപ്പുറം രൂപതയിലെ എല്ലാ ഇടവകകളിലും നടത്തപ്പെടുകയും ചെയ്തു