ആക്രമണങ്ങളിൽ മരണാസന്നരായവര്‍ക്ക് അന്ത്യകൂദാശ: പഠിക്കാൻ ബ്രിട്ടനിൽ വിദഗ്ധ സമിതി

ലണ്ടന്‍: ആക്രമണങ്ങളിൽ മരണാസന്നരായവര്‍ക്ക് രോഗിലേപനം നൽകാൻ കത്തോലിക്ക വൈദികർക്ക് അനുവാദം നൽകുന്നതിനെപ്പറ്റി പഠിക്കാൻ പുതിയ സമിതിക്ക് ബ്രിട്ടീഷ് മെത്രാൻ സമിതി അധ്യക്ഷനും വെസ്റ്റ് മിന്‍സ്റ്റർ ആർച്ച്ബിഷപ്പുമായ കർദ്ദിനാൾ വിൻസന്റ് നികോൾസും, ലണ്ടൻ പോലീസ് മേധാവി ക്രസേഡ ഡിക്കും രൂപം നൽകി. ബ്രിട്ടനിലെ എസക്സിൽ ഒക്ടോബർ 15നു കത്തോലിക്ക വിശ്വാസിയും എംപിയുമായ ഡേവിഡ് അമേസ്, സോമാലിയൻ വംശജനായ ഒരു തീവ്ര ഇസ്ലാമികവാദിയുടെ ആക്രമണത്തിനിരയായി മരണത്തോട് മല്ലടിക്കുന്ന സമയത്ത് രോഗിലേപനം നൽകാൻ എത്തിയ കത്തോലിക്ക വൈദികന് അതിനുള്ള അനുമതി പോലീസ് നിഷേധിച്ചിരുന്നു. ഈ സംഭവത്തിനു പിന്നാലെയാണ് വിഷയത്തെപ്പറ്റി ആഴത്തിൽ പഠിക്കാൻ പുതിയ സമിതിയെ വയ്ക്കാൻ കത്തോലിക്കാസഭയും, പോലീസ് വകുപ്പും തീരുമാനമെടുക്കുന്നത്.

അക്രമസംഭവങ്ങൾ നടന്ന സ്ഥലത്തേക്ക് പ്രവേശിക്കാൻ കത്തോലിക്കാ വൈദികർക്ക് അനുവാദം ലഭിച്ചതും, നിഷേധിക്കപ്പെട്ടതുമായ സാഹചര്യങ്ങൾ സമിതി വിലയിരുത്തുമെന്നും, അങ്ങനെയുള്ള സാഹചര്യങ്ങൾ നേരിടാൻ വേണ്ടി പോലീസ് ഉദ്യോഗസ്ഥർക്ക് നൽകുന്ന നിർദേശങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വേണമോ എന്ന് പഠിക്കുമെന്നും നവംബർ ഒമ്പതാം പ്രസിദ്ധീകരിച്ച കുറിപ്പിൽ കർദ്ദിനാൾ വിൻസന്റ് നികോൾസ് വ്യക്തമാക്കി. നവംബർ എട്ടാം തീയതി വെസ്റ്റ് മിന്‍സ്റ്റർ കത്തീഡ്രൽ ദേവാലയത്തിൽ മരിച്ചുപോയ കത്തോലിക്കാ പോലീസ് ഉദ്യോഗസ്ഥർക്കു വേണ്ടി ഒരു പ്രത്യേക ദിവ്യബലിയർപ്പണം നടന്നിരുന്നു. മെട്രോപോളിറ്റൻ പോലീസ് കമ്മീഷണർ പദവി വഹിക്കുന്ന ക്രസേഡ ഡിക്കും കാത്തലിക് പോലീസ് ഗിൾഡ് എന്ന സംഘടനയിലെ മറ്റ് അംഗങ്ങളും വിശുദ്ധ കുർബാനയിൽ പങ്കെടുത്തു.