കോട്ടപ്പുറം :മണിപ്പൂരിലെ കലാപം ആശങ്കാജനകമാണെന്ന് കോട്ടപ്പുറം രൂപത അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയുടെ അധ്യക്ഷതയിൽ ബിഷപ്പ്സ് ഹൗസിൽ ചേർന്ന ഫൊറോന വികാരിമാരുടെയും സന്യസ്ത പ്രതിനിധികളുടയും അല്മായ സമിതിയുടെയും രാഷ്ട്രീയ കാര്യസമിതിയുടെയും വിവിധ സംഘടനാ ഭാരവാഹികളുടെയും യോഗം വിലയിരുത്തി. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനുമേലുള്ള വെല്ലുവിളിയാണ് മണിപ്പൂരിലെ സംഭവങ്ങൾ.കലാപത്തിനിടയിൽ ക്രൈസ്തവ ദേവാലയങ്ങളും സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടത് ആശങ്കയുണർത്തുന്നതാണ്.കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. കലാപം അവസാനിപ്പിക്കാനും സമാധാനാന്തരീക്ഷം ഉറപ്പാക്കാനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ സത്വര നടപടികൾ സ്വീകരിക്കണം. ഇത്തരം നശീകരണ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നിയമ നടപടികൾ ഉണ്ടാകണം. സമാന സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ മുൻകരുതലുകളും സ്വീകരിക്കണം .പാവപ്പെട്ട മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്തണം. പ്രാണരക്ഷാർത്ഥം പലായനം ചെയ്ത ന്യൂനപക്ഷ സമുദായങ്ങളെ തിരികെ ഭവനത്തിൽ എത്തിക്കാനും നഷ്ടപ്പെട്ട വ തിരികെ നൽകാനും നടപടികൾ ഉണ്ടാകണം.ന്യൂനപക്ഷ സംരക്ഷണം വാക്കുകളിൽ ഒതുക്കാതെ പ്രവർത്തികളിലൂടെ തെളിയിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇനിയും അവിടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. സമൂഹത്തിൽ ജാതി മത വർഗ്ഗ രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും ഒരുപോലെ ആദരവോടും അന്തസ്സോടും കൂടെ ജീവിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള ബാധ്യത കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിറവേറ്റണം.സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച് കലാപത്തിന്റെ കാരണങ്ങൾ അന്വേഷിച്ചു കണ്ടെത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു. മോൺ. ഡോ. ആന്റണി കുരിശിങ്കൽ, പി.ജെ തോമസ്, റാണി പ്രദീപ്, ജിസ്മോൻ ഫ്രാൻസിസ് , അനിൽ കുന്നത്തൂർ, പോൾ ജോസ് എന്നിവർ പ്രസംഗിച്ചു.