കോട്ടപ്പുറം രൂപതയിലെ മുതിർന്ന വൈദികനായിരുന്ന ഫാ. ജോർജ് പാടശേരി (83) നിര്യാതനായി. പറവൂരിലുള്ള ജൂബിലി ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.
ഭൗതികശരീരം നാളെ ( ജൂലൈ 15 ) രാവിലെ 7 മുതൽ 8 വരെ പറവൂർ ഡോൺബോസ്കോ ആശുപത്രിയിലും തുടർന്ന് 8 മുതൽ 9 വരെ പറവൂർ ജൂബിലി ഹോമിലും പൊതുദർശനത്തിനായി വയ്ക്കുന്നതാണ്. തുടർന്ന് 9.30 മുതൽ 12 മണി വരെ തുരുത്തൂരിലെ സ്വവസതിയിലും 12 മുതൽ 3 മണി വരെ തുരുത്തൂർ സെന്റ് തോമസ് തീർത്ഥാടന ദൈവാലയത്തിലും പൊതുദർശനത്തിനായി വയ്ക്കുന്നതാണ്. നാളെ ഉച്ചതിരിഞ്ഞ് 3:00 മണിക്ക് തുരുത്തൂർ സെന്റ് തോമസ് തീർത്ഥാടന ദൈവാലയത്തിൽ വിശുദ്ധ കുർബാനയോടെ മൃതസംസ്കാര ശുശ്രൂഷകൾ നടത്തപ്പെടുന്നതാണ്.
തുരുത്തൂർ സെന്റ് തോമസ് ഇടവകയിലെ പാടശേരി വറീത് കൊച്ചുമറിയം ദമ്പതികളുടെ മകനായി 1942 ഏപ്രിൽ 27 ന് ജനിച്ച അദ്ദേഹം എറണാകുളം സെന്റ് ജോസഫ് മൈനർ സെമിനാരി, കാർമ്മഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിലായി വൈദിക പഠനം പൂർത്തീകരിച്ച് 1968 ഡിസംബർ 19 ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് അട്ടിപ്പറ്റിയിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ചു.
അവിഭക്ത വരാപ്പുഴ അതിരൂപതയിലും കോട്ടപ്പുറം രൂപതയിലുമായി നിരവധി ഇടവകകളിലും സ്ഥാപനങ്ങളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്. കർത്തേടം സെന്റ് ജോർജ്, എറണാകുളം, സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ എന്നിവിടങ്ങളിൽ സഹവികാരിയായും മുട്ടിനകം സെന്റ് മേരീസ്, സംമ്പാളൂർ സെന്റ് ഫ്രാൻസിസ് സേവ്യർ, മരട് സെന്റ് മേരി മാഗ്ദലിൻ, പോണേൽ സെന്റ് ഫ്രാൻസിസ് സേവ്യർ, തുരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് അസീസി, ഗോതുരുത്ത് സെന്റ് സെബാസ്‌റ്റ്യൻ, പള്ളിപ്പുറം മഞ്ഞുമാതാ, മതിലകം സെന്റ് ജോസഫ്, മാള പള്ളിപ്പുറം സെന്റ് ആന്റണി, കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ എന്നിവിടങ്ങളിൽ വികാരിയായും കൂടാതെ മരട് പി എസ് മിഷൻ പറവൂർ ഡോൺബോസ്കോ എന്നീ ആശുപത്രികളുടെ ഡയറക്ടറായും സേവനം ചെയ്തു.