വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പ സ്വവർഗ്ഗാനുരാഗത്തെ കുറിച്ച് പറഞ്ഞ പ്രസ്താവന വളച്ചൊടിച്ചുകൊണ്ട് പ്രമുഖ മാധ്യമങ്ങൾ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നു. "സ്വവർഗ്ഗ ലൈംഗീകത കുറ്റമല്ലായെന്ന് ആവർത്തിച്ച് ഫ്രാൻസിസ് പാപ്പ" എന്ന തലക്കെട്ടോട് കൂടിയാണ് ഒരു പ്രമുഖ മലയാള മാധ്യമം റിപ്പോർട്ട് ചെയ്തത്. എന്നാൽ 'സ്വവർഗ്ഗ ലൈംഗീകത കുറ്റമല്ല' എന്ന് പാപ്പ പറഞ്ഞിട്ടില്ല. വിഷയത്തിന് ആധാരമായ 'അസോസിയേറ്റഡ് പ്രസിന്' നൽകിയ അഭിമുഖത്തിൽ പാപ്പ പറഞ്ഞത് ഇപ്രകാരമായിരുന്നു, "Being a homosexual is not a crime". Being homosexual എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരാൾക്ക് സ്വവർഗ്ഗനുരാഗം മനസ്സിൽ തോന്നുന്ന അവസ്ഥയാണ്. അത് പാപമല്ല. എന്നാൽ പ്രസ്തുത വികാരം ഒരു ലൈംഗീക പ്രവർത്തിയിലേക്ക് നയിക്കുമ്പോഴാണ് അത് പാപമാകുന്നത്.
കെംബ്രിഡ്ജ് യൂണിവേഴിസിറ്റിയുടെ ഡിക്ഷ്ണറിയിൽ homosexual എന്ന പദത്തിന് നൽകുന്ന വ്യാഖ്യാനം ഇപ്രകാരമാണ്, "Sexually attracted to men if you are a man and women if you are a woman". എന്നാൽ ചില മലയാള മാധ്യമങ്ങൾ "Homosexual" എന്ന പദത്തെ തെറ്റായി വിവർത്തനം ചെയ്തുക്കൊണ്ട് "സ്വവർഗ്ഗരതി" എന്ന പദം ഉപയോഗിച്ചിരിക്കുന്നതായി കാണുന്നു. സ്വവർഗ്ഗാനുരാഗം കൊണ്ടുണ്ടാകുന്ന ലൈംഗീകമായ പ്രവർത്തിയാണ് സ്വവർഗ്ഗരതി അഥവാ Homosexual act എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഒരാൾക്കു സ്വവർഗ്ഗാനുരാഗം മനസ്സിൽ തോന്നുന്നത് കുറ്റകരമാണെന്ന് കത്തോലിക്ക സഭ പഠിപ്പിക്കുന്നില്ല. സഭയുടെ പ്രബോധനം ഇങ്ങനെ, "രൂഢമൂലമായ സ്വവര്‍ഗ്ഗഭോഗ പ്രവണതയുള്ള സ്ത്രീപുരുഷന്മാരുടെ എണ്ണം അവഗണിക്കാവുന്നതല്ല. വസ്തുനിഷ്ഠമായി ക്രമരഹിതമായ ഈ പ്രവണത അവരില്‍ ഭൂരിഭാഗത്തിനും ഒരു പരീക്ഷണം തന്നെയാണ്. ആദരവോടും സഹാനുഭൂതിയോടും പരിഗണനയോടുംകൂടി അവരെ സ്വീകരിക്കണം. അവര്‍ക്കെതിരെ അന്യായമായ വിവേചനത്തിന്‍റെ സൂചനകള്‍ ഒന്നും ഉണ്ടാകരുത്. ഈ വ്യക്തികള്‍ തങ്ങളുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ ഇഷ്ടം നിറവേറ്റാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. കൂടാതെ, ക്രിസ്ത്യാനികളെങ്കില്‍, തങ്ങളുടെ അവസ്ഥയില്‍ നിന്നുളവാകുന്ന ബുദ്ധിമുട്ടുകളെ കര്‍ത്താവിന്‍റെ കുരിശിലെ ബലിയോടു ചേര്‍ക്കുവാനും അവര്‍ വിളിക്കപ്പെട്ടിരിക്കുന്നു" (കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 2358).
"സ്വവര്‍ഗ്ഗഭോഗ പ്രവണതയുള്ള വ്യക്തികള്‍ ശുദ്ധതയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു. ആന്തരിക സ്വാതന്ത്ര്യം അഭ്യസിപ്പിക്കുന്ന ആത്മനിയന്ത്രണത്താലും ചിലപ്പോള്‍ സ്വാര്‍ത്ഥരഹിതമായ സുഹൃദ്ബന്ധത്തിന്‍റെ സഹായത്താലും പ്രാര്‍ത്ഥനയുടെയും കൗദാശിക കൃപാവരത്തിന്‍റെയും ശക്തിയാലും അവര്‍ക്കു ക്രമേണയായും തീര്‍ച്ചയായും ക്രിസ്തീയ പൂര്‍ണത പ്രാപിക്കാന്‍ സാധിക്കുന്നതാണ്" ( കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 2359). "സ്വവർഗ്ഗാനുരാഗം പാപമല്ല , എന്നാൽ സ്വവർഗ്ഗാനുരാഗവുമായി ബന്ധപ്പെട്ട ലൈംഗീകരമായ പ്രവർത്തികൾ പാപമാണ്" എന്നുതന്നെയാണ് സഭ എക്കാലവും പഠിപ്പിക്കുന്നത്. ഇത് തന്നെയാണ് ഫ്രാൻസിസ് പാപ്പയും ഇവിടെ പറഞ്ഞിട്ടുള്ളത്. ഇക്കാര്യത്തിൽ ക്രൈസ്തവ വിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന മാധ്യമങ്ങൾ നമ്മെ തെറ്റിദ്ധരിപ്പിക്കുമ്പോൾ നമുക്ക് തികഞ്ഞ ജാഗ്രത പുലർത്തുകയും സത്യവിശ്വസത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യാം.