കോട്ടപ്പുറം :സഭാദർശനങ്ങളിലൂടെയും അഗാധമായ പാണ്ഡിത്യത്തിലൂടെയും ലോക ജനതയുടെ ഹൃദയങ്ങളിൽ ഇടം നേടിയ പാപ്പയായിരുന്നു ബനഡിക്ട് പതിനാറാമൻ പാപ്പയെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരി . പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ദൈവത്തിൽ ആശ്രയിച്ച് സഭയെ മുന്നോട്ടു നയിച്ച മഹാചാര്യനായിരുന്നു പാപ്പ. പൊന്തിഫിക്കൽ ബൈബിൾ കമ്മീഷൻ അധ്യക്ഷൻ, അന്തർദേശീയ ദൈവശാസ്ത്ര കമ്മീഷൻ അധ്യക്ഷൻ ,വിശ്വാസ തിരുസംഘത്തിന്റെ തലവൻ , കർദിനാൾ സംഘത്തിന്റെ ഡീൻ എന്നീ നിലകളിൽ കത്തോലിക്ക സഭയിൽ ശ്രദ്ധേയനായിരുന്നു പാപ്പ.കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം രൂപപ്പെടുത്തുന്നതിനു പിന്നിൽ പ്രവർത്തിച്ചതും യുവജന മതബോധന ഗ്രന്ഥമായ യൂക്കാറ്റിന്റെ പിന്നിലെ പ്രചോദനവും ബെനഡിക്ട് പാപ്പയായിരുന്നു. ലോകസമാധാനത്തിനും മതമൈത്രിക്കും ദരിദ്രരുടെ ഉന്നമനത്തിനും സഭകൾ തമ്മിലുള്ള കൂട്ടായ്മയ്ക്കും എട്ടുവർഷം നീണ്ട മഹാചാര്യ ശുശ്രൂഷയിൽ വിലമതിക്കാനാവാത്ത സംഭാവനകൾ പാപ്പ നൽകി. ലളിത ജീവിതം കൊണ്ടും പാപ്പ ശ്രദ്ധേയനായി. പാപ്പാശ്രൂശൂഷ കാലഘട്ടം പോലെ തന്നെ സ്ഥാനത്യാഗം കൊണ്ടും തന്റെ പരമാചാര്യ ശുശൂഷയെ പാപ്പ അടയാളപ്പെടുത്തി. ബനഡിക്റ്റ് 16 മൻ പാപ്പയുടെ ദേഹവിയോഗത്തിൽ അനുശോചിച്ച ബിഷപ്പ് ഡോ. കാരിക്കശ്ശേരി ബനഡിക്ട് പാപ്പയുടെ ആന്മശാന്തിക്കായി പ്രാർത്ഥിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്തു.