യുദ്ധം സ്വദേശത്തെ കുട്ടികളെ വിഴുങ്ങും, ആയുധങ്ങളുടെ നിര്‍മ്മാണം നിര്‍ത്തണം: ഫ്രാന്‍സിസ് പാപ്പ

റോം: ആയുധങ്ങളുടെ നിര്‍മ്മാണം നിര്‍ത്തണമെന്നും യുദ്ധം സ്വദേശത്തെ കുട്ടികളെ വിഴുങ്ങുമെന്നും ഫ്രാന്‍സിസ് പാപ്പ. സകല മരിച്ചവരുടെയും തിരുനാള്‍ ദിനമായ ഇന്നലെ റോമിലെ ഫ്രഞ്ച് മിലിട്ടറി സെമിത്തേരി സന്ദര്‍ശിക്കുന്നതിനിടെയാണ് മാര്‍പാപ്പ ആയുധ നിര്‍മ്മാണം അവസാനിപ്പിക്കുവാന്‍ ആഹ്വാനം ചെയ്തത്. രണ്ടാം ലോകമഹായുദ്ധത്തില്‍ മരിച്ച ഫ്രഞ്ച്, മൊറോക്കന്‍ സൈനികരെ അടക്കം ചെയ്ത സെമിത്തേരി സന്ദര്‍ശിച്ച പാപ്പ, പേര് രേഖപ്പെടുത്താത്ത ചില കല്ലറകളില്‍ വെളുത്ത റോസാപുഷ്പം അര്‍പ്പിച്ചു. ഇവിടെ ഒരു പേരുപോലുമില്ലായെന്നും ഇത് യുദ്ധത്തിന്റെ ദുരന്തമാണെന്നും എന്നാൽ ദൈവത്തിന്റെ ഹൃദയത്തിൽ നമ്മുടെ എല്ലാ നാമങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതൃരാജ്യത്തെ സംരക്ഷിക്കാൻ വിളിക്കപ്പെട്ട് നല്ല മനസ്സുമായി പോയ ഇവരെല്ലാം കർത്താവിന്റെ കൂടെയുണ്ടെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. റോമിലെ ഫ്രഞ്ച് യോദ്ധാക്കൾക്കായുള്ള സിമിത്തേരിയിൽ ഏതാണ്ട് 1900 ശവകുടീരങ്ങളുണ്ട്. ഇവയിൽ ഭൂരിഭാഗവും രണ്ടാം ലോകമഹായുദ്ധത്തിൽ ജീവൻ കൊടുത്ത മൊറോക്കോ, അൾജീരിയ എന്നിവിടങ്ങളിലുള്ള പടയാളികളുടെ ശവകുടീരങ്ങളാണ്.