അസ്സീസിയില്‍ അഞ്ഞൂറോളം പാവങ്ങളോടൊപ്പം ചെലവഴിച്ച് പാപ്പ: സമ്മാനം കൈമാറിക്കൊണ്ട് കരുതല്‍

റോം: ദരിദ്രരുടെ ലോകദിനത്തോട് അനുബന്ധിച്ച് വിശുദ്ധ ഫ്രാന്‍സിസിന്റെ ജന്മസ്ഥലമായ ഇറ്റലിയിലെ അസ്സീസി സന്ദര്‍ശിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ പാവങ്ങളോടൊപ്പം ചെലവഴിച്ചു. കത്തോലിക്കാ സഭ നാളെ ദരിദ്രര്‍ക്കായുള്ള ദിനം ആചരിക്കുന്നതിനു മുന്നോടിയായിട്ടായിരുന്നു മാര്‍പാപ്പയുടെ സ്വകാര്യ സന്ദര്‍ശനം. ദരിദ്രരില്‍ ദരിദ്രനായി ജീവിക്കാനുള്ള ദൈവവിളി വിശുദ്ധ ഫ്രാന്‍സിസിനു ലഭിച്ച ഹോളി മേരി ഓഫ് ദ ഏഞ്ചല്‍സ് ബസിലിക്കയില്‍വച്ചാണു ഫ്രാന്‍സിസ് മാര്‍പാപ്പ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള അഞ്ഞൂറോളം ദരിദ്രരുമായി കൂടിക്കാഴ്ച നടത്തിയത്. ഇവരില്‍ ഭൂരിഭാഗവും ഭവനരഹിതരും അഭയാര്‍ഥികളും തൊഴില്‍രഹിതരുമായിരുന്നു. തുടര്‍ന്ന് മാര്‍പാപ്പ ബസിലിക്കയ്ക്കുള്ളില്‍ അവരോടൊത്തു പ്രാര്‍ത്ഥിച്ചു. ഇന്നലെ രാവിലെ അസ്സീസിയിലെത്തിയ പാപ്പാ ആദ്യം വിശുദ്ധ ക്ലാരയുടെ ബസിലിക്കയിലെത്തി, അവിടെയുള്ള വിശുദ്ധ ക്ലാരയുടെ പാവപ്പെട്ട സഹോദരിരുടെ മഠത്തിൽ സന്ന്യാസിനിമാരുമായി സ്വകാര്യകൂടിക്കാഴ്ച നടത്തി. അസ്സീസിയിലെ ബസിലിക്കയിയിലേക്കുള്ള യാത്രയിൽ വഴിയിൽവച്ച് ഫ്രാൻസിസ് പാപ്പ പാവപ്പെട്ടവരും, കുടിയേറ്റക്കാരും, തീർത്ഥാടകരുമായ നൂറുകണക്കിന് ആളുകളെ കണ്ടു സംസാരിച്ചു.