ടിരാന: കമ്മ്യൂണിസ്റ്റ് പീഡനത്തിന് നടുവിൽ ശിശുക്കൾക്ക് ജ്ഞാനസ്നാനം നൽകാനും, വിശ്വാസികൾക്ക് വിശുദ്ധ കുർബാന എത്തിച്ച് നൽകാനും ജീവൻ പണയം വെച്ച് മുൻകൈയെടുത്ത അൽബേനിയൻ സ്വദേശിനിയായ കത്തോലിക്ക സന്യാസിനി സിസ്റ്റർ മരിജെ കലേത്ത നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ഫ്രാന്‍സിസ് പാപ്പയെ വരെ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ള സിസ്റ്റര്‍ നിത്യതയിലേക്ക് യാത്രയാകുമ്പോള്‍ 92 വയസ്സായിരിന്നു. എൻവർ ഹോക്സ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഭരണകാലയളവിലാണ് സിസ്റ്റർ മരിജെ ധീരമായ പ്രവർത്തനങ്ങൾ നടത്തിയത്.
നിരീശ്വരവാദ രാജ്യം കെട്ടിപ്പടുക്കാൻ വേണ്ടി നിരവധി ക്രൈസ്തവ വിശ്വാസികളെ ഇക്കാലയളവിൽ ഭരണകൂടം കൊന്നു തള്ളിയിരുന്നു. ഏകദേശം 28 ലക്ഷത്തോളം ആളുകൾ ജീവിക്കുന്ന അൽബേനിയ 1940 മുതൽ 1992 വരെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിലായിരുന്നു. 2014ൽ ഫ്രാൻസിസ് മാർപാപ്പ അൽബേനിയയിൽ എത്തിയപ്പോൾ മത പീഡനത്തിന്റെ സമയത്ത് കുട്ടികൾക്ക് രഹസ്യമായി ജ്ഞാനസ്നാനം നൽകാൻ ക്ലേശങ്ങൾ അഭിമുഖീകരിച്ച അനുഭവം പങ്കുവെക്കാൻ സിസ്റ്റർ മാർജിക്ക് അവസരം ലഭിച്ചിരിന്നു. പിന്നീട് നാലു വർഷങ്ങൾക്കു ശേഷം നൽകിയ ഒരു വചനസന്ദേശത്തിടയിൽ, ഫ്രാൻസിസ് മാർപാപ്പ സഭ എങ്ങനെ ഒരു അമ്മയായി മാറണമെന്നതിന് ഉദാഹരണമായി സിസ്റ്റർ വിവരിച്ച അനുഭവം പരാമർശിച്ചിരുന്നു.
1929 നവംബർ പത്താം തീയതി ഉത്തര അൽബേനിയയിലെ നെൻഷാത്തിൽ ജനിച്ച സിസ്റ്റർ മരിജെ കലേത്തയ്ക്ക് ചെറുപ്പത്തിൽ തന്നെ സന്യാസ ജീവിതത്തിലേക്കുള്ള വിളി മനസ്സിലാക്കാൻ സാധിച്ചിരുന്നു. സ്റ്റിഗ്മാറ്റയിൻ സഭയിൽ വൈദികനായ അമ്മാവനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഏറെ വൈകാതെ മരിജെ മഠത്തില്‍ ചേർന്നു. ഏഴ് വർഷങ്ങൾക്ക് ശേഷം കമ്യൂണിസ്റ്റ് സർക്കാർ മരിജെ കലേത്തയെ വീട്ടിലേക്ക് തിരികെ അയച്ചു. മാതാപിതാക്കളുടെ മരണശേഷം ഒറ്റയ്ക്ക് ആയ നാളുകളിലാണ് മറ്റുള്ളവർക്ക് ക്രിസ്തു വിശ്വാസം പകർന്നു നൽകാൻ വേണ്ടിയുള്ള രഹസ്യമായ പരിശ്രമം സിസ്റ്റർ ആരംഭിക്കുന്നത്. ഗ്രാമത്തിലുള്ള കുട്ടികൾക്ക് മാത്രമല്ല തന്നെ സമീപിക്കുന്ന മറ്റ് പ്രദേശങ്ങളിൽ നിന്നുള്ളവരുടെ കുട്ടികൾക്കും ജ്ഞാനസ്നാനം നൽകുന്നതിന് വേണ്ടി ക്രമീകരണം നടത്താന്‍ സിസ്റ്റർ ഒരുക്കമായിരുന്നു. 50 വർഷം കാത്തിരുന്നിട്ടാണ് ഏറ്റവും ഒടുവിലത്തെ വ്രതവാഗ്ദാനം സ്വീകരിക്കാൻ മരിജെക്ക് സാധിച്ചതെന്നതും ശ്രദ്ധേയമാണ്.