സിനഡ് എന്ന പദത്തിൽ അന്തർലീനമായ പൊരുൾ - ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

മെത്രാന്മാരുടെ സിനഡിൻറെ മൂന്നു ഘട്ടങ്ങളായുള്ള പതിനാറാം സാധാരണ പൊതുസമ്മേളനത്തിൻറെ ഉദ്ഘാടനം വത്തിക്കാനിൽ ഈ ശനി-ഞായർ ദിനങ്ങളിൽ (9,10/10/2021) നടക്കുന്നതിനോടനുബന്ധിച്ച് ശിയാഴ്ച “സിനഡ്” (#Synod) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്. പാപ്പാ കുറിച്ച പ്രസ്തുത ട്വിറ്റർ സന്ദേശത്തിൻറെ പൂർണ്ണരൂപം ഇപ്രകാരമാണ്: “ആലോചനായോഗം, സഭയുടെ ശൈലിയെ ആവിഷ്കരിക്കുന്നു. “ഒരുമയോടെ ചരിക്കുക” എന്നാൽ എന്താണെന്ന് നാം മനസ്സിലാക്കുന്നതിനു വേണ്ടതെല്ലാം "സിനഡ്" എന്ന വാക്കിൽ അടങ്ങിയിരിക്കുന്നു. കൂടാതെ ഈ ചലനമാകട്ടെ, നാമെല്ലാവരും നായകന്മാരായ ഈ ചരിത്രത്തെ നയിക്കുന്ന പരിശുദ്ധാത്മാവിനോടുള്ള വിധേയത്വത്തിൻറെ അനന്തരഫലമാണ്”. വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.