ടൂറിനിലെ തിരുകച്ച യേശുവിന്റെ കാലത്തേതു തന്നെ: ശാസ്ത്രീയ തെളിവുമായി ഇറ്റാലിയന്‍ ശാസ്ത്രസംഘം

ടൂറിന്‍: ഇറ്റലിയിലെ ടൂറിനിലെ ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രലില്‍ നൂറ്റാണ്ടുകളായി സൂക്ഷിച്ചിരിക്കുന്ന യേശുവിന്റെ ശരീരം പതിഞ്ഞ തിരുകച്ച യേശുവിന്റെ കാലത്തേത് തന്നെയാണെന്നതിന് കൂടുതല്‍ തെളിവുമായി ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് താന്‍ നടത്തിയ ഫാബ്രിക് ടെസ്റ്റില്‍ തിരുകച്ചക്ക് ഏതാണ്ട് രണ്ടായിരത്തോളം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് തെളിഞ്ഞതായി ഇറ്റാലിയന്‍ ശാസ്ത്രജ്ഞനായ ലിബെരട്ടോ ഡെ കാരോ നാഷ്ണല്‍ കാത്തലിക് രജിസ്റ്ററിനോട് പറഞ്ഞു.

വൈഡ്-ആംഗിള്‍ എക്സ്റേ സ്കാറ്ററിംഗ് (WAXS) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഡെ കാരോയും സംഘവും പരിശോധന നടത്തിയത്. മറവ് ചെയ്യുന്നതിന് മുന്‍പ് യേശുവിന്റെ ശരീരം പൊതിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്ന ടൂറിനിലെ ഈ ലിനന്‍ കച്ച വര്‍ഷങ്ങളായി നിരവധി ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കികൊണ്ടിരിക്കുകയാണ്. തിരുക്കച്ചക്ക് 700 വര്‍ഷങ്ങളുടെ പഴക്കമാണെന്ന 34 വര്‍ഷം മുന്‍പുള്ള കാര്‍ബണ്‍ ഡേറ്റിംഗ് ഫലത്തിനെ പൂര്‍ണ്ണമായും തള്ളുന്നതാണ് ഡെ കാരോയുടെ പരിശോധനാഫലം. കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധനാ രീതി തുണികളില്‍ അത്രകണ്ട് ഫലപ്രദമല്ലായെന്ന് ഡെ കാരോ പറയുന്നു. 1988-ലെ പരിശോധനാ ഫലം തെറ്റാണെന്ന് വ്യക്തമാക്കുന്ന നിരവധി കാരണങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫാബ്രിക് സാമ്പിളുകള്‍ സാധാരണഗതിയില്‍ എല്ലാത്തരം മാലിന്യങ്ങള്‍ക്കും വിധേയമാകാറുണ്ട്. അത് നിയന്ത്രിക്കുന്നതിനോ സാമ്പിളില്‍ നിന്നും മാലിന്യം പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതിനോ കഴിയുകയില്ല. സാമ്പിള്‍ പൂര്‍ണ്ണമായും വൃത്തിയാക്കിയില്ലെങ്കില്‍ കാര്‍ബണ്‍-14 ഡേറ്റിംഗ് പരിശോധനാ ഫലം കൃത്യമായിരിക്കില്ലെന്നു ഡെ കാരോ പറയുന്നു.

വൈഡ്-ആംഗിള്‍ എക്സ്റേ സ്കാറ്ററിംഗ് ടെസ്റ്റ്‌ വഴി ലഭിക്കുന്ന വിവരങ്ങള്‍ കൂടുതല്‍ കൃത്യതയാര്‍ന്നതാണെന്ന് ഡെ കാരോയെ ഉദ്ധരിച്ച് ഓണ്‍ലൈന്‍ കത്തോലിക്കാ വാര്‍ത്തപോര്‍ട്ടലായ ‘അലീഷ്യാ’യുടെ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. ബി.സി 3000-ത്തിനും, എ.ഡി 2000-ത്തിനും ഇടയിലുള്ള ചരിത്രമൂല്യമുള്ള നിരവധി ഫാബ്രിക് സാമ്പിളുകളില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ട്. ടൂറിനിലെ തിരുകച്ചയും ഈ സാമ്പിളുകളുമായി താരതമ്യം ചെയ്തുനോക്കിയപ്പോള്‍, ഇസ്രായേലിലെ മസാദാ ഉപരോധ സമയത്തെ (എ.ഡി 55-74) തുണികഷണമാണ് ടൂറിനിലെ തിരുകച്ചയുമായി ഏറ്റവുമധികം മാച്ച് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

പുരാതനകാലത്ത് പലസ്തീനില്‍ കണ്ടുവന്നിരുന്ന പൂമ്പൊടിയുടെ സാമ്പിളുകള്‍ പരിശോധനയില്‍ കണ്ടെത്തിയെന്നും, തിരുകച്ച മധ്യപൂര്‍വ്വേഷ്യയില്‍ നിന്നും യൂറോപ്പിലെത്തിയതിന്റെ തെളിവാണിതെന്നും ഡെ കാരോ പറഞ്ഞു. യേശുവിന്‍റെ ശരീരം പൊതിയാന്‍ ഉപയോഗിച്ച തിരുകച്ച ടൂറിനില്‍ സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍ ദേവാലയത്തിലും അവിടുത്തെ തലയില്‍ കെട്ടിയിരിന്ന തൂവാല, സ്പെയിനിലെ ഒവിയെസോയിലുള്ള സാന്‍ സല്‍വദോര്‍ കത്തീഡ്രലിലുമാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത്. ഈ രണ്ട് തുണിഭാഗങ്ങളും ഒരേ ശരീരത്തില്‍ ഉപയോഗിച്ചതാണ് എന്നുള്ള ശാസ്ത്രീയ ഗവേഷണ ഫലങ്ങള്‍ 2016-ല്‍ പുറത്തുവന്നിരിന്നു.