തീരദേശ ജനതയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോട്ടപ്പുറം രൂപത

കോട്ടപ്പുറം: തിരുവനന്തപുരം ലത്തീൻ അതിരൂപത യുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ തീരദേശ ജനത തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന സമരത്തിന് കോട്ടപ്പുറം രൂപത വൈദിക സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തീരത്തെ ദുരന്തങ്ങൾക്ക് ഇരയായി വീടും സ്ഥലവും നഷ്ടപ്പെട്ട് കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി മനുഷ്യോ ചിതമല്ലാത്ത സാഹചര്യത്തിൽ ഷെഡ്ഡുകളിലും ഗോഡൗണുകളിലും കഴിയുന്ന നിരവധി കുടുംബങ്ങളുടെ പ്രശ്നങ്ങൾക്കും തീരജനതയുടെ മറ്റു ജീവൽ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം കാണുന്നതിനു സർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു .തീര ശോഷണം ഇല്ലാതാക്കാൻ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും തുറമുഖ നിർമ്മാണം നിർത്തിവെച്ച് പ്രദേശവാസികളെ ഉൾപ്പെടുത്തി ശാസ്ത്രീയ പഠനം നടത്താൻ സർക്കാർ തയ്യാറാകണമെന്നും വൈദിക സമിതി ആവശ്യപ്പെട്ടു . സമിതി പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി, വൈസ് പ്രസിഡന്റ് മോൺ. ഡോ. ആൻറണി കുരിശിങ്കൽ, ജനറൽ സെക്രട്ടറി ഫാ.ജോഷി കല്ലറക്കൽ ,ട്രഷറർ ഫാ. ജോബി കാട്ടശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു