കോട്ടപ്പുറം രൂപതയിൽ യുവജനവർഷം ഉദ്ഘാടനം ചെയ്തു

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിൽ യുവജനവർഷ പ്രവർത്തനങ്ങൾ ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം സെന്റ് ആൻസ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെസിവൈഎം രൂപത പ്രസിഡന്റ് ജെൻസൺ ആൽബി അധ്യക്ഷനായിരുന്നു.

കെസിവൈഎം, ജീസസ് യൂത്ത് എന്നീ സംഘടനകളുടെ ഈ വർഷത്തെ കരടുപ്രവർത്തന രേഖ ബിഷപ്പ് അംബ്രോസ് പ്രകാശനം ചെയ്തു. രൂപതാതലത്തിലെ ലോഗോസ് ക്വിസ് വിജയികൾക്കും കെസിവൈഎം സംഘടിപ്പിച്ച രൂപതല മത്സര വിജയികൾക്കുമുള്ള  സമ്മാനങ്ങൾ വിതരണം ചെയ്തു.

കോട്ടപ്പുറം രൂപത യൂത്ത് അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. നോയൽ കുരിശിങ്കൽ, ബൈബിൾ അപ്പോസ്തലറ്റ് ഡയറക്ടർ ഫാ. ജിന്റോ വലിയവീട്ടിൽ, രൂപത പി. ആർ. ഒ. ഫാ. ആന്റെൺ ജോസഫ് ഇലഞ്ഞിക്കൽ, കെസിവൈഎം ജനറൽ സെക്രട്ടറി ജെൻസൻ ജോയ്, ജീസസ് യൂത്ത് സബ്സോൺ കോർഡിനേറ്റർ ആന്റണി ജോബ് എന്നിവർ സന്നിഹിതരായിരുന്നു. രൂപതയുടെ വിവിധയിടങ്ങളിൽ നിന്നായി നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു.